ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ കേന്ദ്ര മന്ത്രിയായേക്കും. അതോടൊപ്പം മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരനേയും കേന്ദ്ര പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. ദേശീയ ജനറൽ സെക്രട്ടറിയായോ വൈസ് പ്രസിഡന്റ് പദവിയിലേക്കോ ആയിരിക്കും മുരളീധരനെ പരിഗണിക്കുകയെന്നും ഉന്നത ബിജെപി വൃത്തങ്ങൾ സൂചന നല്‍കി.
സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ നേതാവാണ് കുമ്മനം. അദ്ദേഹത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോൾ സംസ്ഥാന ബിജെപിയിൽ പുനഃസംഘടന നടക്കാനും സാധ്യതയുണ്ട്. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളീധരന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതൽ സാധ്യത കുമ്മനത്തിനാകുമെന്നാണ് നേതാക്കൾ നല്‍കുന്ന സൂചന.