ലോകസഭാ തിരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ ഒരു സീറ്റ് ഉറപ്പിചിരിക്കുകയാണ് ബിജെപി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം സംസ്ഥാനത്ത് ഒന്ന് മുതല്‍ 3 സീറ്റുകള്‍ വരെയാണ് ബിജെപിക്ക് കേരളത്തില്‍ പ്രവചിക്കപ്പെട്ടിരുന്നത്. തൃശൂരില്‍ അമ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി വിജയം ഉറപ്പിച്ചതിന് പുറമെ തിരുവനന്തപുരത്തും ആറ്റിങ്ങലും ശക്തമായ പോരാട്ടമാണ് ബിജെപി നടത്തുന്നത്. ഇതോടെ സംസ്ഥാനത്തെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്ത് രണ്ട് താമര വിരിയാനുള്ള സാധ്യതകള്‍ തെളിയുകയാണ്.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നത്. ഒടുവിലെ വിവരങ്ങള്‍ പ്രകാരം 17,000 വോട്ടുകള്‍ക് മുന്നിലാണ് രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പന്ന്യന്‍ രവീന്ദ്രന്‍ ഇവിടെ മൂന്നാം സ്ഥാനത്താണ്. നിലവിലെ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ എം പിയായാല്‍ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പാണ്. ബിജെപിയുടെ കേരളത്തില്‍ സ്റ്റാര്‍ ക്യാന്‍ഡിഡേറ്റ് ആയതിനാല്‍ തന്നെ സുരേഷ് ഗോപിക്കും കേന്ദ്രമന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയേറെയാണ്.
ഉത്തരേന്ത്യയില്‍ ശക്തമായ സാന്നിധ്യമാണെങ്കിലും തെക്കെ ഇന്ത്യയില്‍ കര്‍ണാടക ഒഴികെ മറ്റൊരിടത്തും ശക്തമായ സാന്നിധ്യമാകാന്‍ സാധിച്ചിട്ടില്ല. തെന്നിന്ത്യയാകെ സുപരിചിതനായ സുരേഷ് ഗോപിയെ പോസ്റ്റര്‍ ബോയ് ആക്കുന്നതിനായി കേന്ദ്രമന്ത്രി സഭയിലേക്ക് തന്നെ ബിജെപി അവസരമൊരുക്കും. നേരത്തെ രാജ്യസഭ എം പിയായി ബിജെപി സുരേഷ് ഗോപിയെ രാജ്യസഭയിലെത്തിച്ചിരുന്നു. തൃശൂരിന് പുറമെ തിരുവനന്തപുരത്തും ബിജെപി വിജയിക്കുകയാണെങ്കില്‍ ഇതോടെ രണ്ട് കേന്ദ്രമന്ത്രിമാരെയാകും കേരളത്തിന് ലഭിക്കുക.