Indian National Congress: 52 സീറ്റിൽ നിന്നും നൂറിലേക്ക് കുതിച്ച് കോൺഗ്രസ്, കോൺഗ്രസ് മുക്തഭാരതത്തിന് ബിജെപി ഇനിയും ഏറെ വിയർപ്പൊഴുക്കണം

അഭിറാം മനോഹർ

ചൊവ്വ, 4 ജൂണ്‍ 2024 (11:12 IST)
2019ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ വെറും 52 സീറ്റുകളില്‍ ഒതുങ്ങിയ ഇടത്ത് നിന്നും 2024ലെ തിരെഞ്ഞെടുപ്പിലെത്തുമ്പോള്‍ നേട്ടം ഇരട്ടിയോളമാക്കി കോണ്‍ഗ്രസ്. ലോകസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 99 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. രാജസ്ഥാനിലും യുപിയിലും ബിഹാറിലുമെല്ലാം ഇത്തവണ ലീഡ് ഉണ്ടാക്കാന്‍ സാധിച്ചതാണ് കോണ്‍ഗ്രസിന് തുണയായത്. ഇത്തവണ നാനൂറിലേറെ സീറ്റുകള്‍ക്ക് വിജയിക്കുമെന്ന ബിജെപി വെല്ലുവിളികള്‍ക്ക് മുന്നില്‍ ശക്തമായ പോരാട്ടമാണ് ഇന്ത്യ മുന്നണി കാഴ്ചവെയ്ക്കുന്നത്.
 
 നാനൂറ് സീറ്റുകള്‍ പ്രതീക്ഷിച്ച ഇടത്ത് നിന്നും 300 സീറ്റുകളിലധികം മാത്രമാണ് എന്‍ഡിഎ സഖ്യത്തിനുള്ളത്. ഭരണം പിടിക്കാന്‍ 272 സീറ്റുകളാണ് ആവശ്യമെന്നിരിക്കെ ബിജെപി തന്നെ ഭരണം പിടിക്കുമെന്ന സാധ്യതകളാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ തരുന്നത്. എങ്കിലും ബിജെപി കരുതിയിരുന്ന പോലെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് രാജ്യത്തെ എത്തിക്കാന്‍ ഇനിയും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് വ്യക്തം. തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ 400ന് മുകളില്‍ മൃഗീയ ഭൂരിപക്ഷം നേടുമെന്ന പ്രചാരണങ്ങളെ ഇത്രയും ഭൂരിപക്ഷം നേടിയാല്‍ ഭരണഘടന തിരുത്തുന്നതിനും സംവരണം പിന്‍വലിക്കുന്നതും അടക്കമുള്ള നടപടികളിലേക്ക് ബിജെപി കടക്കുമെന്ന് കോണ്‍ഗ്രസ് മറുപ്രചാരണം നടത്തിയിരുന്നു. ഇതിനൊപ്പം പല മണ്ഡലങ്ങളിലെയും ഭരണവിരുദ്ധവികാരങ്ങളും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. 2014ലെ തിരെഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നൂറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍