ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി: മുംബൈ പൊലീസ് കണ്ണൂരിൽ

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (16:54 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ലൈംഗിക പീഡനം നടത്തിയെന്ന യുവതിയുമായി പരാതിയുമായി ബന്ധപ്പെട്ടു മുംബൈ പൊലീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ കണ്ണൂരിലെത്തി.

അന്ധേരിയിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് കണ്ണൂർ എസ്‌പിയുമായി കൂടിക്കാഴ്ച നടത്തി. പീഡന പരാതിയിൽ മുംബൈ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തൽ തുടങ്ങി. ഓഷിവാര പൊലീസ് സ്റ്റേഷനില്‍ വച്ചാണു മൊഴിയെടുക്കുന്നത്. ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും.

അടുത്ത ദിവസങ്ങളിൽ തന്നെ പരാതിക്കാരിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷമാവും ബിനോയിയെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് എത്താത്ത പക്ഷം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിക്കും.

ബിനോയിക്കെതിരെ ബിഹാർ സ്വദേശി നൽകിയ ലൈംഗിക ആരോപണ പരാതിയിൽ ബിനോയിയുടെ കണ്ണൂരിലുള്ള മേൽവിലാസമാണ് നൽകിയിരിക്കുന്നത്. ഇതിനാലാണ് കണ്ണൂരിൽ നിന്നും അന്വേഷണം മുംബയ് പൊലീസ് ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂർവം അപമാനിക്കൽ ), 506 (ഭീഷണിപ്പെടുത്തൽ ) തുടങ്ങിയ വകുപ്പുകളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായിൽ ബാർ ഡാൻസറായിരുന്ന ബിഹാർ സ്വദേശി പരാതി നൽകിയത്. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. തന്റെയും മകന്റെയും ജീവിതച്ചെലവിനായി 5 കോടി രൂപ നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article