കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എംഎല്‍എയുമായ കെഎം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനുള്ള വിജിലൻസ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് കരുതലോടെ നീങ്ങുമെന്നു വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന എസ്‌പി സുകേശനെ അന്വേഷണം ഏല്‍പിക്കരുത്. രാവിലെയും വൈകിയും നിലപാട് മാറ്റുന്നവര്‍ അന്വേഷണം നടത്തിയാല്‍ കേസ് എങ്ങുമെത്തില്ലെന്ന് ചെന്നിത്തല പറഞ്ഞു.
സമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് അന്വേഷിക്കുന്നത് അനുചിതമായതിനാല്‍ ഇക്കാര്യം കോടതി തീരുമാനക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേസന്വേഷണം ശരിയായ രീതിയിലായിരുന്നു. ആഭ്യന്തര മന്ത്രിയായിരിക്കെ താന്‍ ഒരു കേസിലും ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി: ആർസുകേശന്റെ ഹർജിയിലാണു ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിനുള്ള നടപടിയുണ്ടായത്. മൂടിവയ്ക്കപ്പെട്ട സത്യം പുറത്തു കൊണ്ടുവരണം. നശിപ്പിക്കപ്പെട്ട തെളിവുകളും കണ്ടെത്തണമെന്നു കോടതി ആവശ്യപ്പെട്ടു.
ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് ഡയറക്ടറായിരുന്ന എൻ ശങ്കർ റെഡ്ഡിയാണെന്ന് സുകേശൻ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന റിപ്പോർട്ട് റെഡ്ഡി അംഗീകരിച്ചില്ലെന്നും സുകേശൻ കുറ്റപ്പെടുത്തിയിരുന്നു.