മുൻ മന്ത്രി എ സി മൊയ്തീന് നാല് ബിനാമികൾ, ഒരാൾക്ക് 50ലേറെ അക്കൗണ്ടുകൾ: മൊയ്തീനെ ഇ ഡി ചോദ്യം ചെയ്യും, അക്കൗണ്ടുകൾ മരവിപ്പിച്ചു

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (13:18 IST)
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാനസമിതി അംഗമായ മുന്‍മന്ത്രി എ സി മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഉടന്‍ ഇ ഡി നോട്ടീസ് അയക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് മൊയ്തീന്റെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു.
 
കണക്കുകള്‍ പ്രകാരം എഫ് ഡിയായി കിടക്കുന്ന 30 ലക്ഷം കണക്കുകളില്‍ പെടാത്തതാണെന്നാണ് ഇ ഡി അറിയിക്കുന്നത്. മൊയ്തീന്‍ നിര്‍ദേശിച്ചവര്‍ക്ക് ബാങ്കില്‍ നിന്നും കോടികള്‍ വായ്പയായി അനുവദിച്ചിട്ടുണ്ട്. മൊയ്തീന്റെ വീടിന് പുറമെ അനില്‍,ശുഭാഷ്,സതീഷ്,ഷിജു,റഹീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളാണെന്നാണ് ഇ ഡി സംശയിക്കുന്നത്. ഇതില്‍ ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തില്‍പ്പെട്ടവരാണെന്നും ഇ ഡി പറയുന്നു.
 
ഇവരില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടുകളും മറ്റൊരാള്‍ക്ക് 25ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയും അക്കൗണ്ടുകള്‍ ആരംഭിച്ചത് ബിനാമി ഇടപാടിനായാണെന്നാണ് ഇ ഡി സംശയിക്കുന്നത്. മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയതാണ് ഇ ഡിയുടെ കണ്ടെത്തല്‍. സഹകരണ രജിസ്ട്രാറില്‍ ഒരാളാണ് മൊയ്തീനെതിരെ മൊഴി നല്‍കിയതെന്നാണ് വിവരം. കരുവന്നൂര്‍ തട്ടിപ്പില്‍ 2021 ഓഗസ്റ്റ് ഏഴിനാണ് ഇ ഡി കേസെടുത്തത്.ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ക്കെതിരേയാണ് കേസ്..
 
ഇതില്‍ എ കെ ബിജോയുടെ 30.70 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയിരുന്നു. കേസിന്റെ ആദ്യഘട്ടങ്ങളിലൊന്നും മൊയ്തീന്റെ പേരില്ലായിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന മൊയ്തീന്‍ 2011-2016 കാലയളവില്‍ വായ്പകള്‍ അനുവദിക്കുന്നതിലും ബാങ്കിന്റെ ഔദ്യോഗികകാര്യങ്ങളിലും ഇടപ്പെട്ടതായാണ് ഇ ഡി സംശയിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article