പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചത്. തീവ്ര വലതുപക്ഷ അനുയായി രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകന്‍.
സംഘാടകര്‍ പാലഭിഷേകത്തിനായി കൊണ്ടുവന്ന ഫ്‌ളക്‌സ് പൊലീസ് പിടിച്ചെടുത്തു. സംഘടനാ പ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പരിപാടി നടത്തുന്ന കാര്യം നേരത്തെ പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിട്ടുണ്ടെന്നാണ് സംഘടനാ നേതൃത്വം പറയുന്നത്.
പരിപാടി തടഞ്ഞതിനെ രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു. പുരുഷ വിരോധമാണ് ഇതിനു കാരണമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ യുവജന കമ്മീഷന്‍, വനിതാ കമ്മീഷന്‍ മാതൃകയില്‍ പുരുഷ കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെട്ടു.