പാലക്കാട് അധ്യാപകനോട് കൊലവിളി നടത്തിയ സംഭവം, മാനസാന്തരമുണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർഥി

അഭിറാം മനോഹർ

ബുധന്‍, 22 ജനുവരി 2025 (12:51 IST)
പാലക്കാട്: തൃത്താലയില്‍ അധ്യാപകനോട് കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പാലക്കാട്ടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. പരാതിയില്‍ തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് അഭ്യര്‍ഥിച്ചു.
 
ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. അധ്യാപകര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നിട്ടും വിദ്യാര്‍ഥി അത് ലംഘിച്ചതോടെയാണ് അധ്യാപകര്‍ ഫോണ്‍ വാങ്ങിവെച്ചത്. തുടര്‍ന്ന് പ്രധാനാധ്യാപകന്റെ മുറിയിലേക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ അവിടെ വെച്ച് സ്‌കൂളിന് പുറത്തിറങ്ങിയാല്‍ അധ്യാപകനെ തീര്‍ക്കുമെന്ന തരത്തില്‍ ഭീഷണി മുഴക്കുകയാണ് വിദ്യാര്‍ഥി ചെയ്തത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. തുടര്‍ന്ന് അദ്ധ്യാപകര്‍ പരാതി നല്‍കിയെങ്കിലും പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍