മുഖ്യമന്ത്രിയുടെ ആകാശയാത്രയുടെ ചെലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് എ കെ ബാലന്‍; നിയമവിരുദ്ധമായി മുഖ്യമന്ത്രി ഒന്നും ചെയ്തിട്ടില്ല

Webdunia
വ്യാഴം, 11 ജനുവരി 2018 (13:57 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍. മുഖ്യമന്ത്രി നടത്തിയ യാത്രയില്‍ ഒരുവിധത്തിലുള്ള അപാകതകളുമില്ല. പിന്നെ എന്തുകാര്യത്തിനാണ് പണം തിരിച്ചു നല്‍കുന്നതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പലരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ബാലന്‍ പറഞ്ഞു.
 
ഓഖി ഫണ്ടില്‍ നിന്ന് ഒരു പൈസപോലും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചെലവാക്കിയിട്ടില്ല. അതെല്ലാം വെറും തെറ്റിദ്ധാരണയാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് യാത്രയ്ക്കുള്ള പണമെടുത്തത്. രാജ്യത്തെ പ്രധാനമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും മറ്റെല്ലാ മന്ത്രിമാരും ഇതില്‍നിന്നും പണമെടുക്കാറുണ്ടെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ പ്രത്യേക അക്കൗണ്ടിലാണ് ഓഖിപ്പണമുള്ളത്. അതില്‍നിന്നല്ല യാത്രയ്ക്കുള്ള തുകയെടുത്തത്. മുഖ്യമന്ത്രിക്ക് അറിയാമോ ഏതു ഫണ്ടില്‍നിന്നാണ് എടുക്കുന്നതെന്ന്? ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. നിയമവിരുദ്ധമായ തരത്തില്‍ ഒരു ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും എ.കെ.ബാലന്‍ പറഞ്ഞു.
 
ഹെലികോപ്റ്റര്‍ യാത്രാവിവാദം അവസാനിപ്പിക്കാന്‍ സിപിഎം ഇടപെടുമെന്നായിരുന്നു കഴിഞ്ഞദിവസം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അതിനെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article