അഭിമന്യുവിന്റെ മരണകാരണം ഇടതു നെഞ്ചിലെ ആഴത്തിലുള്ള കുത്ത്; അഞ്ചു മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചു - പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്!

Webdunia
ചൊവ്വ, 3 ജൂലൈ 2018 (19:38 IST)
എറണാകുളം മഹാരാജാസ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സംശയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

അഭിമന്യുവിന്റെ ഇടതു നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള കുത്തില്‍ ഹൃദയം മുറിഞ്ഞു. ഇതാണ് മരണകാരണമായത്. നാലു സെന്റീമീറ്റർ വീതിയും കുറഞ്ഞത് ഏഴു സെന്റീമീറ്റർ നീളവുമുള്ള മൂർച്ചയേറിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കുത്തേറ്റ് അഞ്ചുമിനിറ്റിനുള്ളില്‍ അഭിമന്യുവിന്റെ മരണം സംഭവിച്ചു. ചികിത്സിച്ചാൽ പോലും രക്ഷപ്പെടാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയെന്നും കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ്, പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അഭിമന്യുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നൽകാൻ കോളേജ് തീരുമാനിച്ചു.

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇവരില്‍ രണ്ട് പേര്‍ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. കേസില്‍ മൊത്തം 15 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article