സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി; ഡിജിപി നിയമനം യുപിഎസ്‌സിക്ക് - താല്‍ക്കാലിക നിയമനം പാടില്ലെന്നും സുപ്രീംകോടതി
ചൊവ്വ, 3 ജൂലൈ 2018 (12:54 IST)
പൊലീസ് മേധാവിമാരെ (ഡിജിപി) നിയമിക്കാൻ ഇനി സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. നിയമനച്ചുമതല സുപ്രീംകോടതി യുപിഎസ്സിക്കു കൈമാറി. ചീഫ് ജസ്‌റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
നിലവിലെ ഡിജിപിമാർ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കേണ്ടവരുടെ ലിസ്‌റ്റ് സംസ്ഥാന സർക്കാരുകൾ തയ്യാറാക്കി യുപിഎസ്സിക്ക് കൈമാറണം. ഈ പട്ടിക പരിശോധിച്ച് യുപിഎസ്സിയുടെ മൂന്നംഗ സമിതി പാനല്‍ തയ്യാറാക്കും. ഈ പാനലില്‍ നിന്നാകണം പൊലീസ് മേധാവിമാരെ നിയമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
നിയമിക്കപ്പെടുന്ന ഡി ജി പിമാര്‍ക്ക് രണ്ട് വർഷത്തെ സേവനം ഉറപ്പാക്കണം. ഇടക്കാലത്തേക്ക് ഡിജിപിമാരെ നിയമിക്കരുത്. ആക്‍ടിംഗ് ഡിജിപി എന്ന ഒരു പദവി ഇല്ലെന്നും അങ്ങനെ ആരെയും നിയമിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയമനത്തിനു തടസമാകുന്ന ചട്ടങ്ങള്‍ മരവിപ്പിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തർപ്രദേശ് മുൻ ഡിജിപി പ്രകാശ് സിംഗ് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.