എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 നവം‌ബര്‍ 2024 (11:35 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാടും തേടിയിട്ടുണ്ട്. വിശദമായ വാദം അടുത്തമാസം ഒന്‍പതിന് കേള്‍ക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുരിയന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. എഡിഎമ്മിന്റെ മരണം കൊലപാതകം ആണോയെന്ന് സംശയമുണ്ടെന്നും ആരെങ്കിലും കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സാധ്യത പരിശോധിച്ചില്ലെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം ചിലര്‍ നവീന്‍ ബാബുവിനെ കണ്ടിരുന്നുവെന്നുമാണ് ഹര്‍ജിയില്‍ കുടുംബം ആരോപിക്കുന്നത്.
 
കുടുംബം എത്തുന്നതിനു മുന്‍പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്‍ക്വസ്റ്റ് സമയത്ത് ബന്ധുക്കളുടെ സാന്നിധ്യം അനിവാര്യമായിരുന്നുവെന്നും അതുണ്ടായില്ലെന്നും പറയുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 
 
അതേസമയം കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ സംരക്ഷിക്കണമെന്ന് കുടുംബം കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയില്‍ അടുത്തമാസം മൂന്നിനാണ് വിധി പറയുന്നത്. ജില്ലാ കളക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോള്‍ റെക്കോര്‍ഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ ഏറെയായി. 
 
ഇത് സംബന്ധിച്ച് നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടിവി പ്രശാന്തിനെതിരെ നടപടിയും എടുത്തിട്ടില്ല. ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ പുറത്തുവിടാന്‍ നാകില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം റവന്യൂ വകുപ്പ് തരുന്ന മറുപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍