3 മാസമായി എന്‍റെ ഫോണ്‍ ചോര്‍ത്തുന്നു: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സ്പീക്കര്‍ക്കും പരാതിയുമായി പി സി ജോര്‍ജ്

Webdunia
ബുധന്‍, 31 ജൂലൈ 2013 (14:41 IST)
PRO
കഴിഞ്ഞ മൂന്നുമാസങ്ങളായി തന്‍റെ ഫോണ്‍ ചോര്‍ത്തുന്നു എന്ന പരാതിയുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രംഗത്ത്. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, ആഭ്യന്തരമന്ത്രി, ഡി ജി പി എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച പരാതി പി സി ജോര്‍ജ് ഫാക്സിലൂടെ കൈമാറിയിരിക്കുന്നത്. കെ എം മാണി, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് ഈ പരാതിയുടെ പകര്‍പ്പ് അയച്ചുകൊടുത്തിട്ടുണ്ട്.

ആഭ്യന്തരവകുപ്പിനെതിരെയാണ് പരാതിയില്‍ പി സി ജോര്‍ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഓരോ തവണ തന്‍റെ മൊബൈല്‍ ഫോണില്‍ കോള്‍ ചെയ്യുമ്പോഴും 20 സെക്കന്‍റ് സംസാരിച്ചുകഴിയുമ്പോഴേക്കും കോള്‍ കട്ട് ആകുന്നു. ഇത് നെറ്റുവര്‍ക്കിന്‍റെ കുഴപ്പമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വിദഗ്ധരുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ചു - പി സി ജോര്‍ജ് പറയുന്നു.

തന്‍റെ മാത്രമല്ല, തന്നോട് അടുപ്പമുള്ളവരുടെയും ഫോണ്‍ ചോര്‍ത്തുന്നതായാണ് പി സി ജോര്‍ജ് ആരോപണം ഉന്നയിക്കുന്നത്. സോളാര്‍ വിഷയം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ താന്‍ സ്വീകരിച്ചുവരുന്ന നിലപാടാണ് ഈ ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്നാണ് ജോര്‍ജ് കരുതുന്നത്.

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സമാനമായ പരാതി മുമ്പ് ഉന്നയിച്ചിട്ടുണ്ട്. അക്കാലത്തുതന്നെ തന്‍റെയും ഫോണ്‍ ചോര്‍ത്താന്‍ ആരംഭിച്ചിരിക്കാമെന്നാണ് പി സി ജോര്‍ജ് വിശ്വസിക്കുന്നത്.