പള്‍സര്‍ സുനിയുടെ ആദ്യത്തെ ക്വട്ടേഷനും മലയാള സിനിമയിലെ നടിക്ക് നേരെയായിരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2011ല്‍ നടത്തിയ ആ ക്വട്ടേഷനില്‍ പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മുന്‍കാലനടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
തിരുവനന്തപുരത്തെ ഇവരുടെ വീട്ടിലെത്തിയാണ് കൊച്ചി സിറ്റി പൊലീസ് മൊഴിയെടുത്തത്. വഴി തെറ്റിച്ച് വണ്ടി ഓടിച്ചതിനെ തുടര്‍ന്ന് സംശയം തോന്നുകയും നിര്‍മ്മാതാവിനെ ഫോണില്‍ വിളിക്കുകയുമായിരുന്നു താന്‍ അന്ന് ചെയ്തതെന്ന് നടി പൊലീസിന് മൊഴി നല്‍കി. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കാറില്‍ ഡ്രൈവറെക്കൂടാതെ വേറൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും നടി മൊഴി കൊടുത്തിട്ടുണ്ട്.
2011ല്‍ ജോണി സാഗരികയുടെ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ നടിക്കാണ് ദുരനുഭവം ഉണ്ടായത്. കൊച്ചിയിലെത്തിയ നടിയെ പള്‍സര്‍ സുനിയുടെ നിര്‍ദേശം അനുസരിച്ച് രണ്ടംഗ സംഘം വാഹനത്തില്‍ കയറ്റുകയും നഗരത്തിന്റെ പലഭാഗത്തും ചുറ്റിയതിനുശേഷം ഇറക്കിവിടുകയുമായിരുന്നു. പള്‍സര്‍ സുനിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.