‘മകരജ്യോതി’ അന്വേഷിക്കാന്‍ ഇല്ലെന്ന് സര്‍ക്കാര്‍

Webdunia
വ്യാഴം, 27 ജനുവരി 2011 (12:42 IST)
PRO
മകരജ്യോതി വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണെന്നും കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

മകരജ്യോതി വിഷയത്തില്‍ യുക്തിവാദിസംഘം ഉള്‍പ്പെടെ സമര്‍പ്പിച്ച മൂന്നോളം ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് ഒരു വിശ്വാസത്തിന്‍റെ പ്രശ്നമാണ്. അതിനാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

ശബരിമലയിലെ മകരജ്യോതി മനുഷ്യനിര്‍മ്മിതമാണോയെന്ന്‌ വ്യക്‌തമാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ചയായിരുന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നൂറ്റിനാലു പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തം സംബന്ധിച്ച കേസില്‍ വ്യഴാഴ്ച വാദം കേള്‍ക്കവെയായിരുന്നു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് പി എസ് ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ ഈ ആവശ്യം ഉന്നയിച്ചത്.

മകരജ്യോതി മനുഷ്യസൃഷ്ടിയാണോ എന്ന കോടതിയുടെ ചോദ്യത്തിന്, അത് വിശ്വാസത്തിന്‍റെ പ്രശ്‌നമാണെന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്‍റെ മറുപടി. ഇപ്പോള്‍ സര്‍ക്കാരും ഇതിനു സമാനമായ മറുപടിയാണ് നല്കിയിരിക്കുന്നത്.

അതേസമയം, പുല്ലുമേട് ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള മന്ത്രിസഭാ തീരുമാനം വ്യക്തമാക്കി കൊണ്ടുള്ള അറിയിപ്പ് ഇതുവരെ ഹൈക്കോടതിക്ക് ലഭിച്ചിട്ടില്ലെന്നും കോടതി അറിയിച്ചു.