‘പി കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ ഗ്രൂപ്പ് വഴക്ക്‘

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2013 (10:49 IST)
PRO
കണ്ണറങ്ങാട്ട് സഖാവ് പി കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ തന്നെ ഗ്രൂപ്പ് വഴക്കാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വഴക്കാണ് ഇതിന് കാരണമെന്നും അത് കോണ്‍ഗ്രസ്സിന്റെ തലയില്‍ വെയ്ക്കാന്‍ നോക്കെണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഈ പ്രദേശത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം ആതീവദുര്‍ബലമാണ്. ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായ ഈ പ്രദേശത്ത് ഇത്തരമൊരു അക്രമസംഭവം നടക്കണമെങ്കില്‍ സിപിഎം വിചാരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പികൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്.