‘പച്ചവെള്ളത്തിന്‍റെ സ്വാദി’ന് കഥയ്ക്കുള്ള സമ്മാനം

Webdunia
വ്യാഴം, 20 ജനുവരി 2011 (12:15 IST)
PRD
PRO
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കഥാരചനയ്ക്ക് ലഭിച്ച വിഷയങ്ങള്‍ ഏറെ പുതുമയുള്ളതായിരുന്നു. ഇവിടെ ഇതള്‍ വിരിഞ്ഞ കഥകളാകട്ടെ വിഷയത്തിലെ പുതുമയെ നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു. വിലരെങ്കിലും വിഷയങ്ങള്‍ ദുര്‍ഗ്രാഹ്യമാണെന്ന് അഭിപ്രായപ്പെട്ടു. ‘പതിനഞ്ചാം നിലയില്‍ നിന്നു നോക്കിയപ്പോള്‍ ഞാന്‍ കണ്ടത് ഒരു മരുഭൂമിയായിരുന്നു...’ എന്നതായിരുന്നു ഹയര്‍സെക്കണ്ടറി വിഭാഗക്കാര്‍ക്കുള്ള വിഷയം. ‘പുഴ നീന്തി കാട്ടിലേക്കു കടന്നപ്പോള്‍...’ എന്ന വിഷയമായിരുന്നു ഹൈസ്കൂള്‍ വിഭാഗത്തിന് ലഭിച്ചത്. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ശ്യാം മോഹന്‍റെ ‘പച്ചവെള്ളത്തിന്‍റെ സ്വാദ്’ എന്ന കഥയാണ്.


‘നെറ്റിയില്‍ നിന്നും ഊര്‍ന്നുവീഴുന്ന വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട് അയാള്‍ ചെരുപ്പിന്‍റെ പൊട്ടിയ വാര്‍ നേരെയാക്കുകയായിരുന്നു.....’ എന്ന് ആരംഭിക്കുന്ന പച്ചവെള്ളത്തിന്‍റെ സ്വാദ് നല്ലൊരു വായനാനുഭവം ആയിരുന്നുവെന്ന് വിധികര്‍ത്താക്കള്‍ സാക്‌ഷ്യപ്പെടുത്തുന്നു. ‘കൈപ്പത്തി നഷ്ടപ്പെട്ടവരുടെ അത്താഴം’ എന്ന കഥയ്ക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ ജീവിക്കാന്‍ മറന്നുപോയ ഒരാളുടെ കഥയാണിത്. കുന്നുകൂടിയ വാര്‍ത്തകളോടു ഭ്രമം ഏറിയപ്പോള്‍ അയാള്‍ക്ക് ആദ്യം ഭാര്യയെ നഷ്ടപ്പെട്ടു. കഴിഞ്ഞു പോയതിനെക്കുറിച്ചു ചിന്തിച്ചു സമയം കളഞ്ഞില്ല, പിന്നെയും വാര്‍ത്തകള്‍ക്കു പിന്നിലായി ജീവിതം. ഒരിക്കല്‍, അപ്രതീക്ഷിതമായി ജനനസര്‍ട്ടിഫിക്കറ്റ് കൈയിലെടുക്കേണ്ടിവന്നു. അമ്പതു വയസായെന്ന യാഥാര്‍ഥ്യം, മനസിനെ പറഞ്ഞു പഠിപ്പിക്കാനായി പിന്നെയുള്ള ശ്രമം.

ആഡംബര കാറുകളില്‍ സവാരി നടത്തുന്ന കൂട്ടുകാര്‍. നിറമുള്ള ലോകത്തേക്കു നോക്കി കൊതിച്ചില്ല. അയാളുടെ മനസില്‍ കനലെരിഞ്ഞു. വാര്‍ത്തയും ജീവിതവും കോരിയിട്ട കനലില്‍ അതു പുകഞ്ഞു. മനസില്‍ അപ്പോഴും വാര്‍ത്താധിഷ്ഠിതമായ ഇമേജുകളായിരുന്നു, വെട്ടിമാറ്റിയ കൈപ്പത്തിയെ നോക്കി നീറുന്ന അധ്യാപകന്‍. ടെറസിനു മുകളിലേക്കു ഭര്‍ത്താവിനെ ചുഴറ്റി വീശിയെറിഞ്ഞ ഭാര്യ. കെട്ടിടത്തിനു താഴേയ്ക്കു നോക്കുമ്പോള്‍ മരുഭൂമി മാത്രമേ അയാള്‍ കാണുന്നുളളൂ... രക്തക്കറ പുരണ്ടമണല്‍ നിറഞ്ഞ മരുഭൂമി.

കഥാരചന ഹൈസ്കൂള്‍ വിഭാഗത്തില്‍ 'പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും' എന്ന കഥയെഴുതിയ പാലക്കാട് ജില്ലയിലെ പല്ലശന ബിഐഎംഎച്ച്എസിലെ ശ്രീജ കെയാണ് ഒന്നാം സ്ഥാനം നേടിയത്. താനൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസുകാരി ജാസ്മിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ‘റിസ്റ്റ് വാച്ച്’ എന്നായിരുന്നു ജാസ്മിന്‍ എഴുതിയ കഥയുടെ തലക്കെട്ട്. ആദ്യമായാണ് മലപ്പുറം ജില്ലയ്ക്ക് കഥാരചയ്ക്ക് രണ്ടാം സ്ഥാനം കിട്ടുന്നതെന്നത് ശ്രദ്ധേയം. ഇരിങ്ങാലക്കുട സെന്റ്മേരീസ്‌ ഹൈസ്കൂളിലെ കീര്‍ത്തനാ സുരേഷിനാണ് മൂന്നാം സ്ഥാനം.

ഹൈസ്കൂള്‍ വിഭാഗത്തില്‍ 16 പേര്‍ മല്‍സരിച്ചിടത്ത്‌ മൂന്നുപേര്‍ക്കു മാത്രമാണ്‌ എ ഗ്രേഡ്‌ ലഭിച്ചത്‌. ആശയസമ്പൂര്‍ണത കൈവരാത്തതിനാലാണ്‌ പലര്‍ക്കും എ ഗ്രേഡ്‌ ലഭിക്കാതെപോയതെന്ന്‌ വിധികര്‍ത്താക്കളായ കെ ആര്‍ മീര, മധുപാല്‍ പറഞ്ഞു.

( ചിത്രത്തിലുള്ളത് ജാസ്മിന്‍)