സ്വവര്‍ഗരതി മൂല്യങ്ങളെ ചോദ്യം ചെയ്യുന്നു: കെസിബിസി

Webdunia
വ്യാഴം, 2 ജൂലൈ 2009 (13:02 IST)
സ്വവര്‍ഗ ലൈംഗികതയ്ക്ക്‌ നിയമസാധുത നല്‍കിക്കൊണ്‌ടുള്ള കോടതി വിധി സമൂഹത്തിന്‍റെ ധാര്‍മ്മിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന്‌ കെ സി ബി സി വക്താവ്‌ ഡോ സ്റ്റീഫന്‍ ആലത്തറ. സ്വവര്‍ഗ രതി നിയമാനുസൃതമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വവര്‍ഗ ലൈംഗികതയ്ക്ക് നിയമാനുമതി നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. ഇത്‌ ഭാരത സംസ്കാരത്തിന്‌ ചേര്‍ന്നതല്ല. ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന കുടുംബം എന്ന സംവിധാനത്തെ തകര്‍ക്കുന്നതാണ്‌ സ്വവര്‍ഗരതി എന്നും സ്‌റ്റീഫന്‍ ആലത്തറ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പില്‍ സ്വവര്‍ഗ രതി നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന നിയമം റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഒരേ ലിംഗത്തിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയകക്ഷി സമ്മതത്തോടെ ശാരീരിക ബന്ധം പുലര്‍ത്താമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ സി ബി സി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.