സ്വര്‍ണ്ണവിതരണക്കാരനെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമം

Webdunia
വെള്ളി, 24 മെയ് 2013 (19:09 IST)
PRO
PRO
സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിലെ സ്വര്‍ണ്ണ കടകളില്‍ സ്വര്‍ണ്ണം വില്‍ക്കുന്നയാളെ വെട്ടി പരിക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവരാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയിലായി. കല്‍പ്പറ്റയില്‍ ബുധനാഴ്ച രാത്രിയാണു സംഭവം നടന്നത്.

തൃശൂര്‍ ചിയ്യാരം സ്വദേശി ബാബുവിന്‍റെ മകന്‍ സെബി എന്ന 51 കാരനെയാണ്‌ കാറിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണ്ണം അടങ്ങിയ ബാഗുമായി കടന്നത്. സെബിയുടെ കൈക്കും ഇടതു കാല്‍മുട്ടിനും വെട്ടേറ്റു. കല്‍പ്പറ്റ എച്ച്ഐഎംയുപി സ്കൂളിനടുത്താണ്‌ സംഭവം നടന്നത്. നാലു കിലോ സ്വര്‍ണ്ണവുമായാണ്‌ സെബി വയ്റ്റനാട്ടിലെത്തിയത്.

വ്യാജ നമ്പര്‍ ഒട്ടിച്ച കാറില്‍ എത്തിയ അക്രമി സംഘം മുഖം മൂടി ധരിച്ചിരുന്നു. സെബിയെ ആക്രമിച്ച് ബാഗുമായി കടന്ന സംഘം കാറില്‍ കയറി കോഴിക്കോട് ഭാഗത്തേക്ക് പോകാനൊരുങ്ങി. എന്നാല്‍ ഇതു കണ്ടു നിന്ന കോഴിക്കോട് മാങ്കാവ് മാളിയേക്കല്‍ അഷറഫ് ഒരു കുപ്പികൊണ്ട് അക്രമികളുടെ കാറിന്‍റെ മുന്‍ ഭാഗത്തെ ഗ്ലാസില്‍ അടിച്ച് പൊട്ടിച്ചു. ഇതോടെ അതിവേഗതയില്‍ പോയ അക്രമികളുടെ കാറിന്‍റെ മുന്നോട്ടുള്ള ഗതി തടസ്സപ്പെടുകയും അല്‍പ്പദൂരം കൂടി പോയ കാര്‍ അടുത്ത ട്രാഫിക് ജംഗ്ഷനടുത്തുള്ള മരത്തിലിടിച്ചു നില്‍ക്കുകയും ചെയ്തു. ഇതോടെ അക്രമികള്‍ പൊലീസ് പിടിയിലാവുകയാണുണ്ടായത്.

തൃശൂര്‍ വാരാന്തരപ്പള്ളി സ്വദേശി കൃഷ്ണപ്രസാദ് എന്ന 28 കാരനും അബ്ദുള്‍ റിയാസ് എന്നയാളുമാണ്‌ പിടിയിലായത്. കഴിഞ്ഞ ആഴ്ചയിലും അക്രമിസംഘം സെബിയെ ലക്‍ഷ്യം വച്ച് നീങ്ങിയിരുന്നെങ്കിലും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.