സ്പീക്കറായില്ലെങ്കില്‍ സ്ഥാനമൊന്നും വേണ്ട: പി സി

Webdunia
ഞായര്‍, 29 മെയ് 2011 (12:00 IST)
PRO
സ്പീക്കര്‍ സ്ഥാനം നല്‍കിയില്ല എങ്കില്‍ തനിക്ക് മറ്റ് പദവികള്‍ ഒന്നും വേണ്ട എന്ന് പി സി ജോര്‍ജ്ജ്. കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ജി കാര്‍ത്തികേയനെ നിശ്ചയിച്ചു എന്ന വാര്‍ത്ത പുറത്തുവന്ന അവസരത്തിലാണ് കേരള കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രി സ്ഥാനം മാത്രമാണ് നല്‍കിയിരിക്കുന്നത്. അതിനാല്‍, സ്പീക്കര്‍ സ്ഥാനം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, കാര്‍ത്തികേയന്‍ സ്പീക്കര്‍ പദവിക്ക് അനുയോജ്യനല്ല എന്ന് കരുതുന്നില്ല. മന്ത്രിസ്ഥാനത്തെക്കാള്‍ സ്പീ‍ക്കര്‍ സ്ഥാനമാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട് എന്നും പി സി പറഞ്ഞു.

മുസ്ലീം‌ലീഗിന് പാര്‍ലമെന്ററികാര്യം നല്‍കുന്നതില്‍ എതിര്‍പ്പില്ല. തനിക്ക് സ്പീക്കര്‍ സ്ഥാനമല്ലാതെ മറ്റൊന്നും ആവശ്യമില്ല എന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് ലയനത്തില്‍ പ്രയോജനമുണ്ടാക്കിയത് ജോസഫ് ഗ്രൂപ്പാണ്. ലയനം നടന്നില്ല എങ്കില്‍ ജോസഫ് ഗ്രൂപ്പ് തൊടുപുഴയിലും കടുത്തുരുത്തിയിലും കോതമംഗലത്തും പരാജയപ്പെടുമായിരുന്നു എന്നും പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.