സോളാര്‍ വിവാദം: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് സിപിഎം

Webdunia
വെള്ളി, 12 ജൂലൈ 2013 (14:42 IST)
PRO
PRO
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന സമിതിയുമായി സഹകരിക്കില്ലെന്ന് സിപിഎം. സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിയിലേക്ക് ഒരു സാങ്കേതിക വിദഗ്ധനെ നിര്‍ദ്ദേശിക്കാമെന്ന സര്‍ക്കാരിന്റെ കത്ത് സിപിഎം തള്ളി. മുഖ്യമന്ത്രി ഒപ്പിട്ടായിരുന്നു പിണറായി വിജയന് കത്ത് അയച്ചത്.

നേരത്തെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും സമിതിയില്‍ ടെക്‌നോപാര്‍ക്ക് മുന്‍ മേധാവി ജി വിജയരാഘവന്‍, ഡോ അച്യുത് ശങ്കര്‍ എന്നിവരെയും സിപിഎം നിര്‍ദ്ദേശിക്കുന്ന ഒരാളെയും നിയമിക്കാമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത്. സിപിഎം ദൃശ്യ പരിശോധന സമിതിയുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് കത്തയക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് അന്വേഷണ സംഘത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. അതേസമയം മാഞ്ഞു പോയ ദൃശ്യങ്ങള്‍ തിരികെയെടുക്കുന്നത് ആയാസകരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.