സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി രാജിവക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. സര്‍ക്കാരിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ അത് മുഖ്യമന്ത്രിക്കെതിരെയുമാണ്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി തുടര്‍ന്ന ചരിത്രം കേരളത്തിലില്ലെന്നും പി സി ജോര്‍ജ്ജ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണം ഈ വിഷയത്തില്‍ ഉണ്ടാവില്ല. കേസിന്റെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ കൂടി ഉള്‍പ്പെടുത്തും. എന്നാല്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പറ്റില്ല. ജുഡീഷ്യല്‍ അന്വേഷണമായാല്‍ മുഖ്യമന്ത്രിയേയും അന്വേഷണ വിധേയമാക്കാം. പോലീസിന്റെ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും തമ്മിലുള്ളവ്യത്യാസം അതാണ്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് ഒരിക്കലും സ്ഥാനം തിരികെ ലഭിക്കില്ല. കോടതി പരാമര്‍ശം വന്നാല്‍ പോലും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.