സുരക്ഷാസംവിധാനം: പുല്ലുമേടിനെ ഉള്‍പ്പെടുത്തിയില്ല

Webdunia
ശനി, 15 ജനുവരി 2011 (11:55 IST)
PRO
ശബരിമല പുല്ലുമേട്ടിലുണ്ടായ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണം സുരക്ഷാസംവിധാനത്തിന്റെ പോരായ്മയാണെന്ന് റിപ്പോര്‍ട്ട്. മകരവിളക്ക് കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക പൊലീസ് സംവിധാനം ഉപയോഗിച്ചെങ്കിലും പുല്ലുമേട്ടിനെ അവഗണിച്ചു.

ശബരിമലയെ പ്രത്യേക മേഖലകളാക്കി തിരിച്ചായിരുന്നു സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്രദുരന്ത നിവാരണ സേനയും ദ്രുത കര്‍മ സേനയും സംസ്ഥാന പൊലീസും സംസ്ഥാന കമാന്‍ഡോ വിഭാഗത്തെയും ശബരിമലയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇവരുടെ സുരക്ഷാ സംവിധാനങ്ങളിലൊന്നിലും പുല്ലുമേട്ടിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

മകരജ്യോതി കാണാന്‍ മുന്‍പും ഭക്തര്‍ പുല്ലുമേട്ടിലെത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷങ്ങളാണ് ഇവിടെ മകരജ്യോതി ദര്‍ശനത്തിനെത്തുന്നത്. പക്ഷേ ഇവിടെ അത്യാവശ്യസംവിധാനങ്ങള്‍ പോലും വേണ്ടവിധത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നില്ല. അത്യാവശ്യം വെളിച്ചം കിട്ടാനുള്ള സംവിധാനങ്ങള്‍പോലും ഇവിടെയില്ല.

ഇവിടെ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസുകാരുടെ എണ്ണവും വളരെ കുറവാണ്. പുല്‍മേട് , കോഴിക്കാനം , വണ്ടിപ്പെരിയാര്‍എന്നിവിടങ്ങളിലേക്ക് 250 പൊലീസുകാരെ മാത്രമാണ് ഇത്തവണ വിന്യസിച്ചിരുന്നുത്. ലക്ഷത്തിലേറെ ഭക്തര്‍ഇവിടെ കഴിഞ്ഞ രണ്ടുമൂന്നുകൊല്ലങ്ങളായി എത്തുന്ന സാഹചര്യത്തില്‍ മതിയായ സുരക്ഷാസംവിധാനമൊരുക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.