വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ടി എന്‍ പ്രതാപന്‍. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കമാന്‍ഡിന് കത്തുനല്‍കി.
കെപിസിസിയ്ക്കു മുന്നിലും അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സുധീരന്റെ പ്രതിച്ഛായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി പാര്‍ട്ടിയില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമായി ഇതിനേയും കാണണമെന്നും പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാകോണ്‍ഗ്രസുകാരെയും വിഭാഗീയതക്കതീതമായി ഒന്നിച്ചുകൊണ്ടുപോകാന്‍ സുധീരന് കഴിയുമെന്നും അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത നല്ല പ്രതിച്ഛായയുള്ള നേതാവാണ് സുധീരനെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
മന്ത്രിസഭയില്‍ അംഗമായതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍, വി ഡി സതീശന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് സൂചന.