സീറ്റ് വിഭജനം:ഇടതുമുന്നണിയോഗം ഇന്ന്

Webdunia
വെള്ളി, 16 ജനുവരി 2009 (09:56 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചക്കായി ഇടതുമുന്നണിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാജ്യസഭയിലേക്ക് ഒഴിവു വന്ന സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചയും ഇന്നുണ്ടാകും.

ഇന്നലെ ചേര്‍ന്ന സി പി ഐ സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്‌സരിച്ച നാല് സീറ്റുകള്‍ വിട്ടു കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. സംവരണ മണ്ഡലമായ അടൂര്‍ നഷ്‌ടപ്പെടുന്നതിനാല്‍ പകരം മാവേലിക്കരയില്‍ മത്‌സരിക്കുന്നതിനു സി പി ഐ അവകാ‍ശവാദം ഉന്നയിക്കും. അതേസമയം, ഈയിടെ ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്‌സരിക്കണമെന്ന് തീരുമാനിച്ചിരുന്നു.

സി പി ഐ യുടെ സീറ്റായ പൊന്നാനിയില്‍ സ്വതന്ത്രനെ നിര്‍ത്തണമെന്ന് നേരത്തെ ചേര്‍ന്ന സി പി എം യോഗത്തില്‍ നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍, ആകെയുള്ള നാലു സീറ്റുകളില്‍ ഒന്നു പോലും ആര്‍ക്കും വിട്ടു കൊടുക്കേണ്ട എന്ന സി പി ഐ തീരുമാനം ഇന്ന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴി തുറന്നേക്കും.

കൂടാതെ ഒഴിവു വരുന്ന രാജ്യസഭാസീറ്റുകളില്‍ ഒരെണ്ണവും സി പി ഐ ആവശ്യപ്പെടും.സംസ്ഥാനത്തുനിന്ന്‌ മൂന്നു രാജ്യസഭാ സീറ്റുകളാണ്‌ ഒഴിയുന്നത്‌. ഇതില്‍ രണ്ടു സീറ്റ്‌ എല്‍ ഡി എഫിനും ഒരു സീറ്റ്‌ യു ഡി എഫിനും ലഭിക്കും. ഇതില്‍ സി പി എമ്മിന്‍റെ സിറ്റിങ്‌ സീറ്റ്‌ മാറ്റിനിര്‍ത്തി രണ്ടാമത്തെ രാജ്യസഭാ സീറ്റിനുവേണ്ടി പിടിമുറുക്കാനാണ്‌ സി പി ഐ യുടെ തീരുമാനം.

എല്‍ ഡി എഫ് അധികാരത്തിലിരുന്ന സമയത്തെല്ലാം രണ്ടാമത്തെ കക്ഷിയായ സി പി ഐ യ്‌ക്ക്‌ രണ്ട്‌ രാജ്യസഭാ സീറ്റുണ്ടായിരുന്നുവെന്നുള്ളത് ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സി പി ഐ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കുക. ഇപ്പോള്‍ സി പി ഐ യ്‌ക്ക്‌ ഒരു രാജ്യസഭാംഗമേയുള്ളൂ.