സര്‍ക്കാര്‍ ജീവനക്കാരുടെ തണുത്ത സമരത്തെ ചൂടാക്കാനാണ് സമരം ഏറ്റെടുക്കാനുള്ള സി പി എമ്മിന്റെ ആഹ്വാനമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പൊലീസിനെ ഉപയോഗിച്ചു സമരം അടിച്ചമര്‍ത്തുന്നുവെന്ന പിണറായി വിജയന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
അതേസമയം, പങ്കാളിത്ത പെന്‍ഷനെതിരായ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനിന്റെ നാലാം ദിവസവും സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടായി. കോഴിക്കോട് കലക്ടറേറ്റ് പരിസരത്തു സമരാനുകൂലികളുടെ അക്രമമുണ്ടായി. ജോലിക്കെത്തിയവര്‍ക്ക് മര്‍ദ്ദനമേറ്റു. മെഡിക്കല്‍ കോളജ് ഐഎംസിഎച്ചില്‍ ജോലിക്കെത്തിയവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തു.
ആലുവ മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, എല്‍ഡിഎഫ് സംഘര്‍ഷമുണ്ടായി. ജീവനക്കാരെ ഓഫീസിനുള്ളിലേക്ക് കടത്തിവിടാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
പത്തനംതിട്ട തിരുവല്ല പെരിങ്ങര പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലും പഞ്ചായത്ത് വക ജീപ്പ്പിലും സമരാനുകൂലികള്‍ കരി ഓയില്‍ ഒഴിച്ചു. വില്ലേജ് ഓഫിസ് താഴിട്ടു പൂട്ടി.