സര്‍ക്കാര്‍ ശ്രമിക്കുന്നത് നടപടി വൈകിപ്പിക്കാന്‍

Webdunia
വ്യാഴം, 29 ജൂലൈ 2010 (12:05 IST)
PRO
PRO
അട്ടപ്പാടി ഭൂമി കയ്യേറ്റം സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ സര്‍ക്കാര്‍ സമഗ്ര അന്വേഷണത്തിന് തയ്യാറെടുക്കുന്നത് നടപടികളില്‍ കാലതാമസം വരുത്തുന്നതുന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാറ്റാടി യന്ത്രത്തിനുള്ള കമ്പനിയ്ക്ക് സഹായകരമാകുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുമ്പ് വിഷയം സഭയുടെ പരിഗണനയില്‍ വന്നപ്പോള്‍ കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. പുതിയ അന്വേഷണം കഴിയുമ്പോഴേക്ക് അസംബ്ലി തീരുകയും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവസാനിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മുഖം രക്ഷിക്കുന്നതിനാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

നടപടിയെടുത്താല്‍ സര്‍ക്കാരിന് മുഖം നഷ്ടപ്പെടുമെന്നതാണ് ഇപ്പൊഴത്തെ നീക്കത്തിന് കാരണം. റവന്യൂ അടക്കമുള്ള വകുപ്പുകള്‍ക്കാണ് ഭൂമി കൃത്രിമത്വത്തിന് ഉത്തരവാദിത്തം. എന്നാല്‍ പ്രശ്നത്തില്‍ ഒതുങ്ങി നിന്ന് പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ക്ക് മറുപടി പറയാനല്ല മന്ത്രി രാജേന്ദ്രന്‍ ഇന്ന് നിയമസഭയില്‍ ശ്രമിച്ചത്.

ഭൂമി കയ്യേറ്റം നടന്നുവെന്ന് ഐടിഡി ഓഫീസറുടെ റിപ്പോര്‍ട്ടിലും കളക്ടറുടെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥരെ അല്പമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ അവരുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുകയാണ് വേണ്ടത്. ഭൂമി വിലയില്‍ ഒന്ന് രണ്ട് മാസത്തിനകം ആറ് മുതല്‍ എട്ട് ശതമാനം വരെ വര്‍ദ്ധനയുണ്ടായതുതന്നെ കൃത്രിമത്വത്തിന്റെ തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.