സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ യൂണികോഡ് അധിഷ്ഠിത മലയാളം ഫോണ്ടുകള്‍ ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഉത്തരവ് ബാധകമാണ്. കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്സൈറ്റുകള്‍ നിര്‍മ്മിക്കുന്നതിനും യൂണികോഡ് അധിഷ്ഠിത മലയാളം ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടതാണ്.
ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ യൂണികോഡ് അധിഷ്ഠിതമല്ലാത്ത ഫോണ്ടുകള്‍ ഉപയോഗിച്ചാണ് മലയാളത്തിലുള്ള കത്തുകളും കുറിപ്പുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കപ്പെടുന്നവ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ പ്രത്യേകിച്ച് ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കുമ്പോള്‍ ഇത്തരം ഫോണ്ടുകള്‍ ലഭ്യമല്ലാത്ത കമ്പ്യൂട്ടറുകളില്‍ വായിക്കുന്നതിന് പ്രായോഗിക തടസ്സം നേരിടുന്നു.
എന്നാല്‍ യൂണികോഡ് അധിഷ്ഠിത ഫോണ്ടുകള്‍ ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്തവയാണ്. കമ്പ്യൂട്ടറില്‍ യൂണികോഡ് മലയാളം എങ്ങനെ ലഭ്യമാക്കാമെന്ന് മലയാളം കമ്പ്യൂട്ടിങ് പ്രചരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച www.malayalam.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നതിനാവശ്യമായ യൂണികോഡ് അധിഷ്ഠിത സ്റ്റാന്‍ഡേര്‍ഡ് ഫോണ്ടുകള്‍ ഈ വെബ്സൈറ്റില്‍ ലഭിക്കും. ഇവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. കൂടാതെ യൂണികോഡ് അധിഷ്ഠിത ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡിന്‍റെ ലേ ഔട്ടും ഈ സൈറ്റില്‍ ലഭ്യമാണ്.