സരിത ‘ആറന്‍‌മുള’യിലും, മുഖ്യമന്ത്രിക്കെതിരെ വീണ്ടും കെ സുരേന്ദ്രന്‍

Webdunia
ബുധന്‍, 17 ജൂലൈ 2013 (16:42 IST)
PRO
ആറന്‍‌മുള വിമാനത്താവള പദ്ധതിയിലെ ഭൂമി ഇടപാടില്‍ സരിത എസ് നായര്‍ ഇടപെട്ടെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സരിതയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വിമാനത്താവള പദ്ധതിക്കായി ഏബ്രഹാം കലമണ്ണില്‍ എന്ന വ്യക്തി 52 കോടി രൂപയ്ക്കാണ് ഭൂമി നല്‍കിയത്. എന്നാല്‍ 22 കോടി രൂപ മാത്രമാണ് കെ ജി എസ് ഗ്രൂപ്പ് ഏബ്രഹാമിന് നല്‍കിയത്. ബാക്കി പണത്തിന് പകരം വിമാനക്കമ്പനിയില്‍ 30 ശതമാനം ഷെയര്‍ നല്‍കാമെന്നും വിമാനത്താവളത്തിന്‍റെ ചെയര്‍മാന്‍ പദവി നല്‍കാമെന്നും കെ ജി എസ് വാഗ്ദാനം ചെയ്തു. എന്നാല്‍ ആ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. ഈ ഘട്ടത്തില്‍, ഈ പണം വാങ്ങിനല്‍കാമെന്നും തനിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ച് ഏബ്രഹാം കലമണ്ണിലുമായി സരിത നായര്‍ ബന്ധപ്പെട്ടു - കെ സുരേന്ദ്രന്‍ വെളിപ്പെടുത്തി.

ഏബ്രഹാം കലമണ്ണിലിനെയും ഒപ്പം കൂട്ടി രണ്ടുതവണ സരിത നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സുരേന്ദ്രന്‍റെ ആരോപണം.

വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സരിത കെ ജി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ നന്ദകുമാറുമായി നിരവധി തവണ ചര്‍ച്ച നടത്തിയെന്നും അതിന് ശേഷമാ‍ണ് 10 ശതമാനം ഓഹരി സര്‍ക്കാര്‍ ഈ പദ്ധതിയില്‍ എടുത്തതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.