സി ബി ഐ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍. ഡിവൈഎസ്പി പി ഹരിദത്തി(52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി ബി ഐ ഉദ്യോഗസ്ഥനാണ് ഹരിദത്ത്.
എറണാകുളം ഞാറയ്ക്കലിലെ വീട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഹരിദത്തിന്‍റെ വസ്ത്രത്തില്‍ ആത്മഹത്യാക്കുറിപ്പുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
2010 മാര്‍ച്ച് 29നാണ് സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല എന്ന് സമ്പത്തിന്‍റെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് 2010 മേയ് 25നാണ് ഹരിദത്തിന്‍റെ നേതൃത്വത്തിലുള്ള സി ബി ഐ സംഘം അന്വേഷണം ഏറ്റെടുത്തത്.
അന്നത്തെ പാലക്കാട് എസ് പി വിജയ് സാഖറെ, തൃശ്ശൂര്‍ റേഞ്ച് ഐ ജി മുഹമ്മദ് യാസിന്‍ എന്നീ ഐ പി എസ്സുകാരെ ഉള്‍പ്പെടുത്തി കേസെടുത്തത് ഹരിദത്തായിരുന്നു. എന്നാല്‍ പിന്നീട് ഈ അന്വേഷണം വഴിതെറ്റിക്കാന്‍ നീക്കം നടക്കുന്നതായി സൂചനകളുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ചു. ഇതിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേസ് അന്വേഷണ വേളയില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഹരിദത്ത്. ഒരു ഘട്ടത്തില്‍ തനിക്ക് തോക്ക് അനുവദിക്കണമെന്ന് കോടതിയോട് ഹരിദത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ തനിക്ക് ജോലിയോ ചിലപ്പോള്‍ ജീവന്‍ പോലുമോ ഉണ്ടാകില്ലെന്ന് ഹരിദത്ത് ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ കുറേനാളുകളായി ഹരിദത്ത് മെഡിക്കല്‍ ലീവിലായിരുന്നു. സമ്പത്ത് വധക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം അടുത്തുവരവെയാണ് ഹരിദത്തിന്‍റെ മരണം സംഭവിച്ചിരിക്കുന്നത്.