സമരം പൊളിഞ്ഞതിന് കാരണം സി‌പി‌എം: ചന്ദ്രചൂഡന്‍

Webdunia
ബുധന്‍, 21 ഓഗസ്റ്റ് 2013 (15:40 IST)
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം പൊളിയാന്‍ കാരണം സി പി എമ്മാണെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍. സമരം പാതിവഴിയില്‍ പിന്‍‌വലിക്കേണ്ടിവന്നത് സി പി എമ്മിന്‍റെ പിഴവാണെന്ന് ചന്ദ്രചൂഡന്‍ ആഞ്ഞടിച്ചു.

തിരുവനന്തപുരത്താണ് സി പി എമ്മിനെതിരെ ചന്ദ്രചൂഡന്‍ കടുത്ത വിമര്‍ശനം നടത്തിയത്.

സെക്രട്ടേറിയറ്റ് ഉപരോധ സമരം പെട്ടെന്ന് പിന്‍‌വലിക്കേണ്ടിവന്നത് സി പി എമ്മിന്‍റെ സംഘാടനത്തിലെ അപാകതയാണ്. എല്ലാവരുമായും കൂടിയാലോചിച്ച് സമരം ചെയ്തിരുന്നെങ്കില്‍ പൊളിയില്ലായിരുന്നു. സമരം ചെയ്യാന്‍ ആര്‍ക്കും കഴിയും. സമരത്തിന്‍റെ പര്യവസാനം അവധാനതയോടെ ആലോചിച്ചു വേണം ചെയ്യാന്‍. സമരം നടത്തുന്നതില്‍ നേതൃത്വപാടവം കാണിക്കണമായിരുന്നു എന്നും ചന്ദ്രചൂഡന്‍ വിമര്‍ശിച്ചു.

സമരം എങ്ങനെ അവസാനിപ്പിക്കണമെന്ന് ഇടതുമുന്നണിയില്‍ ആലോചിക്കണമായിരുന്നു. അത് ഉണ്ടാകാത്തതുകൊണ്ടാണ് സമരം പിന്‍‌വലിക്കേണ്ടിവന്നതിന്‍റെ കാരണം വിശദീകരിക്കാന്‍ സ്വന്തക്കാരുടെ യോഗം വിളിക്കേണ്ടിവരുന്നതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.