സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: വി എസ് ശിവകുമാര്‍

Webdunia
വ്യാഴം, 21 ജൂണ്‍ 2012 (12:41 IST)
PRO
PRO
സംസ്ഥാനത്ത് വിലകൂട്ടി മരുന്ന് വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്‌ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാര്‍. 10 ശതമാനം വിലവര്‍ധന വരുത്താന്‍മാത്രമാണ്‌ മരുന്ന്‌ കമ്പനികള്‍ക്ക്‌ അധികാരമുള്ളത്‌. എന്നാല്‍ വന്‍വിലവര്‍ധനയാണ്‌ വരുത്തിയിരിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത്‌ മരുന്നുകള്‍ക്ക്‌ ക്ഷാമമില്ലെന്നും സര്‍ക്കാര്‍ വിലക്കുറച്ച്‌ മരുന്നു വില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. വിലനിയന്ത്രണപ്പട്ടികയില്‍ നിലവിലുള്ളത്‌ 76 മരുന്നുകള്‍ മാത്രമാണ്‌. 660 ഇനം മരുന്നുകള്‍ പട്ടികയില്‍പ്പെടുത്തേണ്ടതുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

മരുന്നുവിലയും പകര്‍ച്ചപ്പനിയും മാലിന്യപ്രശ്നവും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്‌ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തുനിന്നും എളമരം കരീം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തുടര്‍ന്ന്‌ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എല്ലാ സജ്‌ജീകരണങ്ങളും നടത്തിക്കഴിഞ്ഞതായി സഭയെ അറിയിച്ചു. പകര്‍ച്ചപ്പനിയും പ്രതിരോധ നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിസഭയുടെ പ്രത്യേക യോഗം തിങ്കളാഴ്‌ച ചേരുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.