ഷാജഹാനെതിരായ കൈയേറ്റം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (09:33 IST)
PRO
ഏഷ്യാനെറ്റ് കോഴിക്കോട് ജില്ലാ ബ്യൂറോ ചീഫ് ഷാജഹാനെ കൈയേറ്റം ചെയ്ത സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഷാജഹാനെ ഫോണില്‍ വിളിച്ചുള്ള പി ജയരാജന്റെ ഭീഷണിയെക്കുറിച്ച് അന്വേഷിക്കുന്നതാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

ഏഷ്യാനെറ്റിന്‍റെ തെരഞ്ഞെടുപ്പ് പരിപാടിയായ ‘പോര്‍ക്കളം’ ചിത്രീകരണം അവസാനിച്ചയുടന്‍ തിങ്കളാഴ്ച രാത്രി ആയിരുന്നു കണ്ണൂരില്‍ വെച്ച് ഷാജഹാന് മര്‍ദ്ദനമേറ്റത്. സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനായിരുന്നു ഷാജഹാനെ മര്‍ദ്ദിച്ചത്.

സംഭവത്തിന് ശേഷം ഷാജഹാനെ ജയരാജന്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. “നീ കോണ്‍ഗ്രസുകാരുടെ അടുത്തുനിന്ന് പണം വാങ്ങിയിട്ട് എന്തും പറയാമെന്ന് കരുതേണ്ട. കോണ്‍ഗ്രസുകാരുമായി ആലോചിച്ച് നീ സംസാരിക്കുകയായിരുന്നു. കണ്ണൂരുകാരെ നീ മനസ്സിലാക്കിക്കോളൂ. ഇനിയും ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ അടുത്തുനിന്ന് നിനക്ക് തല്ലുവാങ്ങും. നീ ഇത് റെക്കോര്‍ഡ് ചെയ്ത് കാണിക്കുമെന്ന് എനിക്ക് അറിയാം” എന്നായിരുന്നു ജയരാജന്‍റെ ഭീഷണി.

അതേസമയം, ഷാജഹാനെതിരായുള്ള കൈയേറ്റ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഷാജഹാനെ പി ജയരാജന്‍ മര്‍ദ്ദിച്ചത് അങ്ങേയറ്റം വേദനാജനകമായ കാര്യമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചു.