2003 ലെ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ബോര്‍ഡിനെ മൂന്നു സബ് കമ്പനികളാക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ തിരികെ കമ്പനിയില്‍ നിക്ഷിപ്തമാക്കും. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും കമ്പനിവത്കരണം. ഇതിനായി നിയമനിര്‍മാണമുണ്ടാവില്ല.
നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപവത്കരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനുവേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷംകൊണ്ട് സര്‍ക്കാര്‍ നല്‍കും.
ബോര്‍ഡ് കമ്പനിയാക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങിയെങ്കിലും പല തവണയായി നീട്ടിവെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് കമ്പനിവത്കരണം. കമ്പനിയായാല്‍ ബോര്‍ഡിന് സാമൂഹ്യബാധ്യതകളില്‍ നിന്ന് പിന്‍വാങ്ങേണ്ടിവരുമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം.