വേഷം മാറി ഫോറസ്റ്റ് അധികൃതര്‍ ഒരുകോടിയുടെ പാമ്പ് വിഷം പിടികൂടി

Webdunia
ചൊവ്വ, 11 ജൂണ്‍ 2013 (14:06 IST)
PRO
ഒരു കോടി രൂപ വിലയുള്ള പാമ്പിന്‍ വിഷവുമായി നാലു പേര്‍ കോഴിക്കോട് പിടിയില്‍. തിരുവനന്തപുരം സ്വദേശി ഷെരീഫ്ഹുദ്ദീന്‍ (47), കോഴിക്കോട് സ്വദേശികളായ കല്ലാച്ചി ചോലക്കാട് റമീസ് (20), വെള്ളിപറമ്പ് സ്വദേശി ഭാഗേഷ്, വെസ്റ്റിഹില്‍ തൈക്കൂട്ടം പറമ്പില്‍ ധനേഷ്(27) എന്നിവരെ തിരിവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സും കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്.

തിരുവനന്തപുരം സ്വദേശി ഷെരീഫ് മുഖേനയാണ് ഫോറസ്റ്റ് അധികൃതര്‍ പാമ്പിന്‍ വിഷത്തിന്റെ ആവശ്യക്കാരെന്ന വ്യാജേന സംഘവുമായി ബന്ധപ്പെട്ടത്. വിഷവുമായി കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ കൃഷ്ണമേനോന്‍ മ്യൂസിയത്തിനു സമീപത്തു എത്തിയ നാലുപേരേയും വേഷപ്രച്ഛന്നരായി എത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. 70 ലക്ഷം രൂപയ്ക്കായിരുന്നു ഫോറസ്റ്റ് അധികൃതര്‍ കച്ചവടം ഉറപ്പിച്ചിരുന്നത്.

പ്രതികളെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കേസ് താമരശേരി റേഞ്ചിന് കൈമാറുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.