വീട് കയറി ആക്രമിക്കുകയും വൃദ്ധയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രതിയായ കരിപ്പൂര് പുലിപ്പാറ പനക്കോട് ഹൌസില്‍ സമ്പത്ത് എന്ന 20 കാരനാണു വലിയമല പൊലീസിന്‍റെ വലയിലായത്.
കഴിഞ്ഞ പതിനാലിനു രാത്രി പതിനൊന്നു മണിയോടെ ആര്യനാട് മരുതുമ്മൂട് പുന്തവിളാകത്തു ബംഗ്ലാവില്‍ പ്രസന്ന കുമാരിയുടെ വീട് കയറി ആക്രമിക്കുകയും വീടിന്‍റെ ജനല്‍ ചില്ലും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തു എന്നതാണുകേസ്.
പ്രസന്ന കുമാരിയുടെ മകന്‍ ബ്ലാക്ക് പ്രവീണ്‍ എന്നറിയപ്പെടുന്ന പ്രവീണും സമ്പത്തും തമ്മില്‍ കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ തമ്മില്‍ കൈമാറുകയും ഇതിന്‍റെ പേരില്‍ ഇരുവരും ഏറ്റുമുട്ടുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ച എന്ന രീതിയിലാണ് കഞ്ചാവ് കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി സമ്പത്ത് പ്രസന്ന കുമാരിയുടെ വീട് ആക്രമിച്ചത്.
വലിയമല പൊലീസ് എസ് ഐ വി കെ അരുണ്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ പിടികൂടിയത്.