'വി എസ് ബുദ്ധിയില്ലാത്ത കഴുത, പിണറായി കടിച്ചുകീറുന്ന സിംഹം' ; ബിന്ദുകൃഷ്ണയുടെ പരമർശങ്ങൾ വിവാദമായി

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2015 (16:22 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ബുദ്ധിയില്ലാത്ത കഴുതയാണെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ കൂടെയുള്ളവരെപ്പോലും കടിച്ചുകീറുന്ന സിംഹമാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. 
 
കൊട്ടാരക്കരയില്‍ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് ബിന്ദു കൃഷ്ണ സി പി എമ്മിന്റെ ഉന്നത നേതാക്കൾക്കെതിരെ വിവാദ റാമർശങ്ങൾ നടത്തിയത്.
 
കഴുതയെ മുഖ്യമന്ത്രിയാകാന്‍ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കരുതെന്നും ആരെയും കടിച്ചുകീറുന്ന സിംഹത്തെയും കേരളത്തിന് വേണ്ടെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ബിന്ദുകൃഷ്ണയുടെ പരാമർശം വലിയ വിവാദമാണ് ഉയർത്തിയത്. സോഷ്യൽമീഡിയയിൽ ബിന്ദുകൃഷ്ണയുടെ പരാമർശങ്ങൾ വലിയ വിമർശനത്തിന് കാരണമായി.
 
എന്നാൽ, ഉന്നതരായ നേതാക്കളെ അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും എല്ലാവരെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും ബിന്ദുകൃഷ്ണ പിന്നീട് പറഞ്ഞു. നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറു കഴുതകളെ സിംഹം നയിക്കുന്നതാണെന്ന ജി സുധാകരന്റെ വാക്കുകൾ താന്‍ പ്രസംഗത്തിലുപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ വ്യക്തമക്കി.