വി എം സുധീരന്‍ മത്സരിക്കില്ല

Webdunia
ബുധന്‍, 18 മാര്‍ച്ച് 2009 (12:38 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍ കേരള ഹൌസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെത്തിയത്. ആലപ്പുഴയില്‍ മത്സരിക്കാന്‍ അഗ്രഹിച്ചിരുന്നു. എന്നാല്‍, ചില പ്രത്യേക കാരണങ്ങളാല്‍ വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു,

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയേയും കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയെയും മത്സരരംഗത്ത്‌ വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ മത്സരിക്കുന്നില്ലെങ്കില്‍, വേറെ ചില മണ്ഡലങ്ങളില്‍ തന്‍റെ പേര്‌ പരിഗണിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതു സംബന്ധിച്ചുണ്ടായ അവ്യക്തതകള്‍ മാറ്റുന്നതിനാണ് വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.