വിഷ്ണുനാഥിനെതിരെ സി പി എം രംഗത്ത്

Webdunia
ശനി, 28 ജനുവരി 2012 (15:57 IST)
പി സി വിഷ്ണുനാഥ് എം എല്‍ എയ്ക്ക് എതിരെ സി പി എം രംഗത്ത്. ബന്ധുവായ മാവേലിക്കര സി ഐയെ ഉപയോഗിച്ച് വിഷ്ണുനാഥ് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്‍ ആരോപിച്ചു.

സര്‍ക്കാരിനെ അട്ടിമറിക്കാനായി എം എല്‍ എയെ വധിക്കാന്‍ ശ്രമിച്ചു എന്നാണ് പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഇത് കേട്ടുകേള്‍വിയില്ലാത്ത കെട്ടുകഥയാണെന്ന് സജി ചെറിയാന്‍ ആരോപിച്ചു. ഇത് സി പി എം പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിക്കാന്‍ കെട്ടിച്ചമച്ചതാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

പൊതുപ്രവര്‍ത്തകരെ ജനമധ്യത്തില്‍ കയ്യാമം വച്ചു നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം. വിഷ്‌ണുനാഥിന്‍റെ ശരീരത്തില്‍ ഒരു തരി പോറല്‍ പോലും ഉണ്ടായിട്ടില്ല. അന്ന് വൈകീട്ട് തന്നെ അദ്ദേഹം ചാനലില്‍ പ്രത്യക്ഷപ്പെട്ടെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി. മാന്നാര്‍ കുട്ടംപേരൂരില്‍ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്ന വിഷ്ണുനാഥിന്റെ പരാതിയിലാണ് പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.