ഭര്‍തൃമതിയായ യുവതി വിമാനത്താവളത്തില്‍ നിന്ന് കാമുകനോടൊപ്പം മുങ്ങി. തിങ്കളാഴ്ച ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയിലേക്ക് പോകാനെത്തിയ ഇരുപത്താറുകാരിയായ കൊരട്ടി സ്വദേശിനിയാണ് കാമുകനോടൊപ്പം സ്ഥലം വിട്ടത്. ദോഹയിലുള്ള ഭര്‍ത്താവിന്റെ അരികിലേക്ക് പോകാനാണ് യുവതി ബന്ധുക്കളോടൊപ്പം വിമാനത്താവളത്തില്‍ എത്തിയത്.
ഒരാളുമായി അടുപ്പമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയയ്ക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. ബന്ധുക്കള്‍ക്കൊപ്പം വിമാനത്താവളത്തിലെത്തിയ യുവതി സുരക്ഷാ പരിശോധനകളെല്ലാം കഴിഞ്ഞ് സുരക്ഷാ ഹാളിലെത്തി. തുടര്‍ന്നാണ് കാമുകനോടൊപ്പം മുങ്ങിയത്.
യുവതി പറഞ്ഞു വിശ്വസിപ്പിച്ചത് അനുസരിച്ച് അവര്‍ വിമാനത്തില്‍ കയറിയെന്ന ധാരണയില്‍ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയപ്പോഴാണ് യുവതിയുടെ ഒളിച്ചോട്ടം. ബന്ധു അപകടത്തില്‍പെട്ടതായി ഫോണ്‍ വന്നെന്നും അതിനാല്‍ യാത്ര റദ്ദാക്കുകയാണെന്നും യുവതി വിമാന കമ്പനി അധികൃതരോടു പറഞ്ഞു.
തുടര്‍ന്ന് അധികൃതര്‍ യുവതിയുടെ ബോര്‍ഡിങ് പാസ് റദ്ദാക്കി കൊടുത്തു. തുടര്‍ന്ന് യുവതി വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങി പുറത്ത് കാത്തുനിന്നിരുന്ന കാമുകനോടൊപ്പം കടക്കുകയായിരുന്നു.
എന്നാല്‍ ഭാര്യയെ കാത്ത് ദോഹ വിമാനത്താവളത്തില്‍ കാത്തുനിന്ന ഭര്‍ത്താവ് വിമാനത്തില്‍ ഭാര്യ എത്തിയിട്ടില്ലെന്നറിഞ്ഞ് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ വിമാനത്താവളത്തില്‍ എത്തി അന്വേഷിച്ചപ്പോഴാണ് യുവതി യാത്ര റദ്ദാക്കിയ വിവരം അറിയുന്നത്.