വാളകം കേസ്; ഗണേഷ് കുമാര്‍ കുടുങ്ങുമോ?

Webdunia
ശനി, 18 ഫെബ്രുവരി 2012 (12:16 IST)
ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവില്‍. കേരളാ കോണ്‍‌ഗ്രസ് ബിയില്‍ അച്ഛനും മകനും തമ്മില്‍ അധികാര വടം‌വലി നടക്കുന്നതാണ് വാളകം കേസിനെ പുതിയ മാനങ്ങളിലേക്ക് എത്തിക്കുന്നത്. വാളകം കേസിനെ പറ്റി പുതിയ വെടി പൊട്ടിച്ചിരിക്കുന്നത് കേരള കോണ്‍ഗ്രസ്‌ ബി ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമായ കരിക്കോട്‌ ദിലീപാണ്. ഗണേഷ് കുമാറിന്റെ പ്രൈവറ്റ്‌ സെക്രട്ടറി കോട്ടാത്തല പ്രദീപ്കുമാറിന് വാളകം കേസുമായി ബന്ധമുണ്ട് എന്നാണ് ദിലീപിന്റെ ആരോപണം.

വാളകം കേസില്‍ പ്രദീപ് കുമാര്‍ സംശയത്തിന്റെ മുള്‍‌മുനയില്‍ ഉള്ളയാളാണ്. കാരണം, സംഭവത്തിന്‌ തലേദിവസം അയാള്‍ വാളകം സ്കൂളില്‍ ചെന്നിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദീപിനെ തന്നെയാണ് ബാലകൃഷ്ണ പിള്ള മുഖത്ത് അടിച്ചത്. എന്തായാലും സംഭവത്തിന്റെ പിന്നിലെ ദുരൂഹതകളുടെ ചുരുള്‍ അഴിയുമ്പോള്‍ ഗണേഷ് കുമാറും ചില ചോദ്യങ്ങള്‍ മറുപടി പറയേണ്ടി വരുമെന്ന് കരുതപ്പെടുന്നു. അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ് മാസം നാലായിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. കേസിപ്പോള്‍ സി‌ബി‌ഐയ്ക്ക് വിട്ടിട്ടുണ്ടെങ്കിലും സി‌ബി‌ഐ കേസ് ഏറ്റെടുത്തിട്ടില്ല.