വഴിയരികില്‍ യോഗം: ഹര്‍ജി ഇന്ന്

Webdunia
വെള്ളി, 23 ജൂലൈ 2010 (09:44 IST)
പൊതു വഴിയരികിലെ യോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം, റിവ്യൂ ഹര്‍ജ്ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ സി എന്‍ രാമചന്ദ്രന്‍ നായരെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം അപേക്ഷ നല്‍കിയിരുന്നു.

പൊതുനിരത്തിലെ യോഗം നിരോധിച്ചുകൊണ്‌ട്‌ വിധി പുറപ്പെടുവിച്ച ശേഷം കോടതിക്ക് പുറത്ത്‌ ഇതിനെ ന്യായീകരിച്ചു സംസാരിച്ചതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

വിധിക്ക് ശേഷം അതിനെ ജഡ്ജി തന്നെ പൊതുവേദിയില്‍ ന്യായീകരിച്ചത്‌ ഉചിതമായില്ലെന്നാണ്‌ സര്‍ക്കാര്‍ അപേക്ഷയില്‍ വ്യക്തമാക്കുന്നത്‌. ഇത്‌ ഗൗരവമുള്ള വിഷയാണ്‌. അതിനാല്‍ റിവ്യൂ ഹര്‍ജ്ജിയില്‍ മറ്റൊരു ബഞ്ച്‌ വാദം കേള്‍ക്കണമെന്നും സര്‍ക്കാര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നുണ്ട്.

പൊതു നിരത്തില്‍ യോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ സംസ്ഥാനത്തെ സി പി എം നേതാക്കള്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ഇതു കോടതിയലക്‌ഷ്യം ആണെന്നുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.