വര്‍ക്കി പിതാവിന്റെ ഖബറടക്കം ഞായറാഴ്ച

Webdunia
ഞായര്‍, 10 ഏപ്രില്‍ 2011 (10:50 IST)
PRO
PRO
മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഖബറടക്കം ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30-ന് സീറോ മലബാര്‍ സഭ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് ശുശ്രൂഷകള്‍ ആരംഭിക്കുക. തുടര്‍ന്ന് നാലരയോടെ നഗരികാണിക്കല്‍ നടക്കും.

അതിന് ശേഷം അഞ്ചരയോടെ ഭൗതിക ശരീരം ദേവാലയത്തില്‍ തിരിച്ചെത്തിക്കും. തുടര്‍ന്ന് അനുശോചന യോഗം ചേരും. കബറടക്ക ശുശ്രൂഷകള്‍ രാത്രി പത്തുമണിയോടെ പൂര്‍ത്തിയാവും. വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, സഭാ മേലധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നിന്ന് അങ്കമാലി സെന്റ് ജോര്‍ജ് ബസലിക്കയിലെത്തിച്ചത്. അനേകായിരങ്ങള്‍ അവിടെയെത്തി അന്ത്യോപചാരമര്‍പ്പിച്ചു. സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ട്, എറണാകുളം ആര്‍ച്ച് ബിഷപ്പ് ഹൗസ് എന്നിവിടങ്ങളിലും പൊതുദര്‍ശനം ഉണ്ടായിരുന്നു.