വരന് സംശയം, വിവാഹം മുടങ്ങി; പെണ്‍കുട്ടി ജീവനൊടുക്കി

Webdunia
ശനി, 29 ജനുവരി 2011 (15:51 IST)
പ്രതിശ്രുത വധുവിനെ സംശയിച്ച വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍‌മാറി. വിവാഹം മുടങ്ങിയതില്‍ മനം നൊന്ത പെണ്‍കുട്ടി ജീവനൊടുക്കി. കൊല്ലം പളളിമുക്ക്‌ വെന്‍റ് ജംഗ്ഷന്‍ റിഷൗസില്‍ റിസ്വാന(23)യാണ്‌ ആത്‌മഹത്യ ചെയ്തത്.

വെഞ്ഞാറമൂട്‌ ഗോകുലം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് റിസ്വാന. മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ മുറിയില്‍ റിസ്വാന തൂങ്ങിമരിക്കുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് റിസ്വാനയുടെ വിവാഹനിശ്ചയം നടന്നത്. സംസ്ഥാനത്തെ ഒരു ജില്ലാ കളക്ടറുടെ സഹോദരനായിരുന്നു പ്രതിശ്രുത വരന്‍.

റിസ്വാന അടുത്തിടെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഗര്‍ഭപാത്രത്തിനുളളിലെ മുഴ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയായിരുന്നു ഇത്. ഇതില്‍ സംശയാലുവായ വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍‌മാറുകയായിരുന്നുവത്രെ.

ഒരാഴ്ചയായി മെഡിക്കല്‍ കോളജില്‍ നിന്ന് ലീവെടുത്ത് റിസ്വാന കൊല്ലത്തെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് റിസ്വാന ഹോസ്‌റ്റലില്‍ മടങ്ങിയെത്തിയത്. ഹോസ്റ്റല്‍ മുറി ഏറെ സമയമായിട്ടും തുറക്കാതിരിക്കുന്നതില്‍ സംശയം തോന്നിയ സഹവിദ്യാര്‍ത്ഥികള്‍ ജനല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ റിസ്വാനയെ കണ്ടത്.