വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കൈപ്പത്തി ചിഹ്‌നത്തില്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുക.
ഇക്കാര്യത്തില്‍ എം വി രാഘവന് എങ്ങനെയാണ് തെറ്റിദ്ധാരണയുണ്ടായതെന്ന് അറിയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് ഘടകകക്ഷികളുമായി കൂടിയാലോചന നടത്താമെന്ന് മാത്രമായിരുന്നു യു ഡി എഫ് യോഗത്തില്‍ തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ചെന്നിത്തലയുടെ ഈ വിശദീകരണം യു ഡി എഫ് യോഗം കഴിഞ്ഞ ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ നടത്തിയ പത്രസമ്മേളനത്തിന് വിപരീതമായ കാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
വടകരയില്‍ സി പി എം വിമതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ സി പി എം വിമതര്‍ക്കു കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വടകര യു ഡി എഫിനൊപ്പം നില്‍ക്കുമെന്നും സി എം പി ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചു കൊണ്ടായിരുന്നു യോഗം പിരിഞ്ഞത്.
പിന്നീട് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വടകരയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ യു ഡി എഫിന്‍റെ ഈ തീരുമാനത്തെ എതിര്‍ത്ത് രമേശ് ചെന്നിത്തല പിന്നീട് രംഗത്തെത്തുകയായിരുന്നു.