ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ആര്‍എംപിയുടെ പിന്തുണ

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (19:00 IST)
PRO
PRO
അരുണ്‍കുമാര്‍ അരവിന്ദ് സംവിധാ‍നം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന് ആര്‍എംപിയുടെ പിന്തുണ. സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആര്‍എംപിയുടെ പോസ്റ്റര്‍ ഇറക്കി‍. തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയേറ്ററായ കൈരളിക്കു മുന്നിലാണ്‌ സിനിമയെ അനുകൂലിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

ടിപി യെ ഇല്ലാതാക്കിയ കൊലക്കത്തി വീണ്ടും, സിപിഎം മാഫിയകളെ തുറന്നുകാട്ടി, തിയേറ്റര്‍ ഉടമകള്‍ക്കെതിരെ സിപിഎം വധ ഭീഷണി എന്നിവയൊക്കെ പോസ്റ്ററില്‍ മുദ്രാവാക്യങ്ങളായി നല്‍കിയിട്ടുണ്ട്.

സിപിഎമ്മിലെ പ്രമുഖരായ ചിലരെ കരിതേച്ചുകാണിക്കുന്നതാണു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നാരോപിച്ച് വടക്കന്‍ ജില്ലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതായി സിനിമാ നിര്‍മ്മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. സിപിഎം ആഭിമുഖ്യത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സിനിമയ്ക്കെതിരെ രംഗത്തു വന്നിരുന്നു.

കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരു തിയേറ്ററിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് സര്‍ക്കാര്‍ തിയേറ്ററായ കൈരളിയിലാവട്ടെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ പ്രദര്‍ശിപ്പിച്ച ശേഷം നിര്‍ത്തുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി തിയേറ്റര്‍ അടച്ചിട്ടതാണു കാരണമെന്നു പറയുന്നു.

ഇതിനൊപ്പം മലപ്പുറം ജില്ലയില്‍ എടപ്പാളില്‍ ഒരു തിയേറ്ററില്‍ മാത്രമാണു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്. അതേ സമയം തെക്കന്‍ ജില്ലകളില്‍ സിനിമയ്ക്ക് മികച്ച സ്വീകരണമാണു ലഭിച്ചതെന്ന് നിര്‍മ്മാതാക്കളും സംവിധായകനും പറയുന്നു.