ലാവ്‌ലിന്‍: പവര്‍ഹൌസുകളില്‍ റെയ്ഡ്

Webdunia
വ്യാഴം, 28 ജൂണ്‍ 2007 (12:08 IST)
എസ്.എന്‍.സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ ഓഫീസുകളില്‍ റെയ്ഡ് നടത്തി.

പദ്ധതികളുടെ നവീകരണ സമയത്ത് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ വൈദ്യുത ബോര്‍ഡ് ആസ്ഥാനത്തെ പരിശോധനകള്‍ക്ക് ശേഷമാണ് സി.ബി.ഐ സംഘം പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ ഓഫീസുകളില്‍ പരിശോധന നടത്തിയത്.

എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മൂന്ന് പദ്ധതികളുടെയും നിലവിലെ പ്രവര്‍ത്തന ക്ഷമതയും സി.ബി.ഐ സംഘം പരിശോധിക്കുന്നുണ്ട്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ കേന്ദ്ര ഓഫീസിലാണ് സംഘം രാവിലെ മുതല്‍ പരിശോധന നടത്തിയത്.

ലാവ്‌ലിന്‍റെ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി ഫയലുകളും സി.ബി.ഐ സംഘത്തിന് ഇവിടെ നിന്നും ലഭിച്ചു. എസ്.എന്‍.സി ലാവ്‌ലിന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്ന എഞ്ചിനീയര്‍മാരെയും സി.ബി.ഐ വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

ലാവ്‌ലിന്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പദ്ധതികളിലെ ഉത്പാദനം കൂടിയോയെന്നാണ് സി.ബി.ഐ സംഘം എഞ്ചിനീയര്‍മാരില്‍ നിന്നും തേടിയത്.

എന്നാല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മൂന്ന് പദ്ധതികളില്‍ നിന്നുമുള്ള ഉത്പാദന ക്ഷമത പ്രതീക്ഷിച്ചയത്ര ഉണ്ടായില്ലെന്നാണ് സി.ബി.ഐക്ക് കിട്ടിയ സൂചന.