ലാവ്‌ലിന്‍: കോടതി തീരുമാനിക്കട്ടെയെന്ന് വിഎസ്

Webdunia
വ്യാഴം, 19 ഫെബ്രുവരി 2009 (15:54 IST)
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ലവ്‌ലിന്‍ കമ്പനിയടക്കം എല്ലാവരും പ്രതികളാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. കോടതിതന്നെ കേസില്‍ രണ്ടിലൊന്നു തീരുമാനിക്കട്ടെയെന്നും വി എസ് പറഞ്ഞു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍റെ നന്ദിപ്രമേയ ചര്‍ച്ച അവസാനിപ്പിച്ചു കൊണ്‌ ട്‌ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

കേസ്‌ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കേസില്‍ ലാവ്‌ലിന്‍ പ്രതിയാണ്‌. മറ്റുള്ളവരും പ്രതിയാണ്‌. രണ്ടു കൂട്ടരും കോടതിയില്‍ വാദിക്കട്ടെ. അതിനിടയ്ക്ക് പ്രതിപക്ഷം തോക്കില്‍ കയറി വെടിവയ്‌ക്കരുതെന്നും വി എസ്‌ പറഞ്ഞു.

വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിന്‍റെ ഉപദേശം ലഭിച്ച ശേഷം പ്രോസിക്യൂഷന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വി എസ് പറഞ്ഞു. നന്ദിപ്രമേയ ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പ്രതിപക്ഷം “ലാവ്‌ലിന്‍, ലാവ്‌ലിന്‍” എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതു ശ്രദ്ധിച്ച വി എസ് ഉടന്‍ തന്നെ ലാവ്‌ലിന്‍ വിഷയത്തില്‍ അഭിപ്രായം പറയാന്‍ തയ്യാറാകുകയായിരുന്നു.

മുഖ്യമന്ത്രി ലാവ്‌ലിന്‍ വിഷയം സംസാരിക്കാന്‍ ആരംഭിച്ചതോടെ അദ്ദേഹത്തിന് പിന്തുണയുമായി പ്രതിപക്ഷമെത്തി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട്‌ യോജിക്കുന്നതായി കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദ്‌ വ്യക്തമാക്കി.

ലാവ്‌ലിന്‍ കരാറില്‍ ധാരണാപത്രം പുതുക്കാതെ മലബാര്‍ കാന്‍സര്‍ സെന്‍ററിനുള്ള ധനസഹായം നഷ്ടപ്പെടുത്തിയത്‌ 2001ല്‍ യു ഡി എഫ്‌ സര്‍ക്കാരായിരുന്നുവെന്ന് എസ്‌എന്‍സി ലാവ്‌ലിന്‍ സ്വന്തം വെബ്സൈറ്റിലൂടെ വിശദീകരണക്കുറിപ്പ് നല്‍കിയതിന്‍റെ തൊട്ടു പിന്നാലെയണ് ലാവ്‌ലിനും പ്രതിയാണെന്ന വി എസിന്‍റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

ലാവ്‌ലിനുമായി എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണാപത്രം പിന്നീട് വന്ന യുഡി‌എഫ് സര്‍ക്കാര്‍ പുതുക്കാത്തതാണ് മലബാര്‍ കാന്‍സര്‍ സെന്‍ററിന് ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടാന്‍ കാരണമെന്ന് സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും ഇന്നലെ പ്രസ്താവിച്ചിരുന്നു.