ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം വിഭജിച്ചു; പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജി നല്‍കും

Webdunia
ബുധന്‍, 17 ജൂലൈ 2013 (12:34 IST)
PRO
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം വിഭജിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ട് സിബിഐ പ്രത്യേക കോടതി കുറ്റപത്രം വിഭജിച്ചു. കേസിലെ ആറും ഒമ്പതും പ്രതിസ്ഥാനത്തുള്ള ലാവ്‌ലിന്‍ കമ്പനിയെയും കമ്പനിയുടെ ചെയര്‍മാനായിരുന്ന ക്ലോസ് ടെന്‍ഡ്രലിനെയും ഒഴിവാക്കിയാണ് കുറ്റപത്രം വിഭജിച്ചത്.

കേസിലെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴാം പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിടുതല്‍ ഹര്‍ജി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സാവകാശം അനുവദിക്കണമെന്ന് പിണറായിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഈ മാസം 31 വരെ കോടതി സമയം അനുവദിച്ചു. കേസ് 31ന് വീണ്ടും പരിഗണിക്കും.

കേസിലെ മറ്റൊരു പ്രതി കെ ജി രാജശേഖരന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യത്തിനായി ഓസ്‌ട്രേലിയ സന്ദര്‍ശിക്കേണ്ടതിന് പാസ്‌പോര്‍ട്ട് നല്‍കണമെന്നാണ് രാജശേഖരന്റെ ആവശ്യം. ഈ അപേക്ഷയും 31ന് പരിഗണിക്കും.

കേസില്‍ കുറ്റപത്രം വിഭജിച്ച് വിചാരണ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പിണറായി വിജയനാണ് നേരത്തെ കോടതിയില്‍ സമീപിച്ചത്.കേസ് അനന്തമായി നീളുന്നത് തന്റെ രാഷ്ട്രീയ ജീവതിത്തിന് കളങ്കമുണ്ടാക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. വേഗത്തിലുള്ള വിചാരണ മൗലികാവകാശമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

2009 ലാണ് ലാവ്ലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യൂത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച കരാറാണ് പിന്നീട് വിവാദമായത്. കരാര്‍ പ്രകാരം സംസ്ഥാനത്തിന് കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.