ലാലും ഇന്നസെന്‍റും വെള്ളം‌കുടിക്കും: അഴീക്കോട്

Webdunia
വെള്ളി, 18 ജൂണ്‍ 2010 (20:58 IST)
PRO
നല്ലൊരു വക്കീലിന്‍റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ മോഹന്‍ലാലും ഇന്നസെന്‍റും വെള്ളം കുടിക്കുമെന്ന് ഓര്‍ത്തുകൊണ്ടാവണം താര സംഘടനയായ ‘അമ്മ’ തനിക്കെതിരെ കേസുകൊടുക്കാനെന്ന് സുകുമാര്‍ അഴീക്കോട്.

‘അമ്മ’യെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയതിന് അഴീക്കോടിനെതിരെ അമ്മ ജോയിന്‍റ് സെക്രട്ടറി ഇടവേള ബാബു ഇന്ന് കേസുകൊടുത്തിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അഴീക്കോട്.

തനിക്കെതിരെ നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും ദുര്‍ബലമായ കേസാണിതെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. “ക്രോസ് വിസ്താര സമയത്ത് നല്ലൊരു അഭിഭാഷകന്‍റെ മുന്നില്‍ പെട്ടാല്‍ മോഹന്‍ലാലിനും ഇന്നസെന്‍റിനും ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചതിന് ശേഷം വേണമായിരുന്നു അമ്മ കേസുകൊടുക്കാന്‍. എനിക്ക് മതിഭ്രമമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ മതിഭ്രമമുള്ളയാള്‍ക്ക് ആരെയും എന്തും പറയാം. അതിനെതിരെ നല്‍കുന്ന കേസ് നിലനില്‍ക്കുന്നതല്ല. മാനാഭിമാനമില്ലാത്തവര്‍ തോന്നിയതുപറയും എന്നതുകൊണ്ടാണ് മോഹന്‍ലാലിനും ഇന്നസെന്‍റിനുമെതിരെ കേസുകൊടുക്കാത്തത്” - അഴീക്കോട് പറഞ്ഞു.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഴീക്കോടിനെതിരെ ഇടവേളബാബു കേസുകൊടുത്തിരിക്കുന്നത്. ‘അമ്മ’യ്ക്കെതിരെ അഴീക്കോട് നടത്തിയ പ്രസ്താവനകള്‍ പിന്‍‌വലിച്ച് മാപ്പുപറയണമെന്നാണ് ഇടവേള ബാബു ആവശ്യപ്പെട്ടിരിക്കുന്നത്.